കാർഷിക മേഖലയിൽ 1000 കോടിയുടെ വൻ അഴിമതിയെന്ന് സിപിഎം അനുകൂല ചാനൽ !

തിരുവനന്തപുരം: കൃഷി വകുപ്പിന് കീഴില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതി മൂലം 1000 കോടി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് സിപിഎം അനുകൂല ചാനല്‍ പീപ്പിള്‍.

സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കി പീപ്പിള്‍ ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ജീവന്‍ കുമാറാണ് വാര്‍ത്ത പുറത്ത് വിട്ടത്.

വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ:

കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി മൂലം സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് 1000 കോടി രൂപയുടെ നഷ്ടം. അത്യൂല്‍പ്പാദ ശേഷിയുളള നെല്‍ വിത്തുകള്‍ എന്ന പേരില്‍ കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയത് പതിര് കലര്‍ത്തിയ നെല്‍വിത്തുകള്‍. കൃഷി വകുപ്പില്‍ കഴിഞ്ഞ കാലത്ത് നടന്നത് സംഘടിത കൊളളയെന്ന് സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന വിത്ത് വികസന അതോറ്റിയിലെ ക്രമക്കേടിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

കൃഷിവകുപ്പിലെ മുന്‍ ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെയും ഭാര്യയും ഉന്നത ഉദ്യോഗസ്ഥയുമായ പികെ ബീനയേയും സസ്‌പെന്‍ഡ് ചെയ്തിന് ആധാരമായ അന്വേഷണ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ കാര്‍ഷികമേഖലയെ കുളം തോണ്ടിയ അഴിമതിയുടെ വിശദാംശങ്ങള്‍ ഉളളത്. എറണാകുളം കാലടിയില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രോ സീഡ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് കൃഷിവകുപ്പ് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 68 കോടിയിലേറെ രൂപയുടെ വിത്ത് ഇനങ്ങളാണ് വാങ്ങി കൂട്ടിയത്.

കര്‍ണാടക കൃഷി വകുപ്പിന്റെ അംഗീകൃത വിതരണ ഏജന്‍സി എന്ന് തെറ്റിധരിപ്പിച്ചായിരുന്നു സ്ഥാപനം വിത്തിനങ്ങള്‍ വിതരണം ചെയ്തത്. ടെണ്ടറും ധാരണപത്രവും ഇല്ലാതെയാണ് ഇത്തരം ഒരു വന്‍കിട കരാറില്‍ സംസ്ഥാന വിത്ത് വികസന ഏജന്‍സി ഏര്‍പ്പെട്ടത്. മുളക്കാന്‍ സാധ്യതയില്ലാത്ത പതിര് നെല്ല് വിത്തിനൊപ്പം കൂട്ടികലര്‍ത്തി കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു എന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതേ തുടര്‍ന്ന് വിവിധ പാടശേഖര സമിതികളും കര്‍ഷകരും പരാതിയുമായി രംഗത്തെത്തിയതായി കൃഷി വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് തലവന്‍ അനില്‍ കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി മൂലം കാര്‍ഷിക രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടായതായുളള ഞെട്ടിക്കുന്ന കണ്ടെത്തലും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ട്. കര്‍ണ്ണാടക സീഡ് കോര്‍പ്പറേഷന്റെ വിത്ത് എന്ന് കേരളാ കൃഷിവകുപ്പിനെ തെറ്റിധരിപ്പിച്ചാണ് ഉന്നത ഉദ്യോഗസ്ഥയായിരുന്ന പികെ ബീനയും കെ ജെ ഒനീലും കരാറില്‍ ഏര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഷണല്‍ സീഡ് കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ വിലക്ക് വിത്തിനങ്ങള്‍ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇരിക്കെ കൂടിയ വിലക്ക് സ്വകാര്യ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടത് വഴി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ വരുമാന നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നു. കൃഷിവകുപ്പിന്റെ മൂന്ന് ഉന്നത തസ്തികയില്‍ അശോക് കുമാര്‍ തെക്കന്‍ ഒരേ സമയം ഇരിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ സര്‍ക്കാരിലെ സര്‍ക്കാരിലെ അടുപ്പക്കാരനായത് കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

68 കോടി രൂപയുടെ മൂലധനം ഉണ്ടായിരുന്ന കേരഫെഡിനെ 70 കോടിയുടെ നഷ്ടത്തിലത്തിച്ചത് അശോക് കുമാര്‍ തെക്കന്റെ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണം കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. കൃഷി വകുപ്പില്‍ വിവിധ കാലയളവുകളില്‍ ജോലി നോക്കിയിരുന്ന ഡെപ്യൂട്ടി ഡയറക്ടന്‍മാര്‍ മുതല്‍ കൃഷി അസിസ്റ്റന്റ് വരെയുളള 16 ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും വകുപ്പ് തലനടപടിയും വേണമെന്നും കൃഷിവകുപ്പിനെയും സര്‍ക്കാരിനേയും വഞ്ചിച്ച കേരളാ അഗ്രോ സീഡ്‌സ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

( കടപ്പാട്: കൈരളി പീപ്പിള്‍ ചാനല്‍)

Top