മെല്‍ബണ്‍: ലോകത്തെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ഡാറ്റാ വേഗത കൈവരിച്ച് ശാസ്ത്രലോകം.ഒരു സ്പ്ലിറ്റ് സെക്കന്‍ഡില്‍ 1000 എച്ച്ഡി മൂവികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പര്യാപ്തമായ വേഗതയാണ് ഒരൊറ്റ ഒപ്റ്റിക്കല്‍ ചിപ്പ് ഉപയോഗിച്ച് നേടാന്‍ കഴിഞ്ഞത്.
നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആവശ്യകതയുമായി പൊരുതുന്ന രാജ്യങ്ങളുടെ ടെലികമ്മ്യൂണിക്കേഷന്‍ ശേഷി വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.
ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനുപിന്നില്‍. ഒരൊറ്റ പ്രകാശ സ്രോതസ്സില്‍ നിന്ന് സെക്കന്‍ഡില്‍ 44.2 ടെറാബിറ്റ്‌സ് (ടിബിപിഎസ്) ഡാറ്റാ വേഗമാണ് ഇവര്‍ക്ക് രേഖപ്പെടുത്താനായത്.
നിലവിലുള്ള ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയില്‍ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാന്‍ കഴിഞ്ഞതെന്ന് ശ്രാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
മെല്‍ബണിലെ ആര്‍എംഐടി യൂണിവേഴ്സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റര്‍ ദൂരമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലില്‍ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവര്‍ധിപ്പിക്കല്‍ ഇനി എളുപ്പമാകും. നെറ്റ് കണക്ഷന്‍ വേഗതകുറഞ്ഞ രാജ്യങ്ങളില്‍ ഈ സംവിധാനം എളുപ്പത്തില്‍ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകര്‍ പറയുന്നത്.