വാളയാർ: ലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കേരളത്തിലേക്കു കടത്തിയ 1000 കിലോഗ്രാം കഞ്ചാവുമായി രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മേലാറ്റൂർ എപ്പിക്കാട് തയ്യൽ വീട് എൻ.ബാദുഷ (26), എടപ്പൊറ്റ ഫായിസ് ഹമീദ് (21), ഉടുമ്പൻചോല നരിയൻപാറ ബി. ജിഷ്ണു (24) എന്നിവരെയാണു സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശോധനയിൽ വാളയാറിൽ അറസ്റ്റ് ചെയ്തത്.
പിടികൂടിയ കഞ്ചാവിനു രാജ്യാന്തര വിപണിയിൽ 100 കോടിയിലേറെ രൂപ വിലമതിക്കുമെന്നും രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ അളവിൽ കഞ്ചാവു പിടികൂടുന്നതെന്നും പാലക്കാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജൻ പറഞ്ഞു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നു കൊച്ചിയിലെ രഹസ്യ താവളത്തിലേക്കാണ് ഇവ കൊണ്ടുവന്നിരുന്നത്. ചരക്കു കയറ്റാത്ത ലോറിയിൽ അടിഭാഗത്ത് ഒൻപതിലേറെ രഹസ്യ അറകളിലായാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്.