കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വളര്‍ന്നു വന്ന സംരംഭമായ ചാര്‍ജ്‌മോഡ് പുതിയ വ്യവസായ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളം 1000 സാധാരണ ചാര്‍ജറുകളും 200 അതിവേഗ ചാര്‍ജറുകളും കൂടി സ്ഥാപിക്കും. കേരളത്തില്‍ മാത്രം 500 സാധാരണ ചാര്‍ജറുകളും 100 ഫാസ്റ്റ് ചാര്‍ജറുകളും കൂടി അധികമായി സ്ഥാപിച്ച് വിപണിസാന്നിധ്യം ശക്തിപ്പെടുത്താനും തീരുമാനമായി. നിലവില്‍ കേരളത്തിനത്ത് ചാര്‍ജ്‌മോഡിന്റെ 1500 ചാര്‍ജിങ് സ്റ്റേഷനുകളും മറ്റ് സംസ്ഥാനങ്ങളില്‍ 2000 ചാര്‍ജിങ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 1300 എസി സ്ലോ ചാര്‍ജറുകളും 150 ഡിസി ഫാസ്റ്റ് ചാര്‍ജറുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ 500 എസി സ്ലോ ചാര്‍ജറുകളും സ്ഥാപിച്ചിട്ടുണ്ട്.
ചാര്‍ജ്‌മോഡ് പ്രവര്‍ത്തിക്കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ സാങ്കേതിക വിദ്യകളില്‍ കേന്ദ്രീകരിച്ചാണ്. ചാര്‍ജിങ്ങിനാവശ്യമായ ഉപകരണങ്ങളും സോഫറ്റ്വെയറും തദ്ദേശീയമായാണ് സ്ഥാപനം വികസിപ്പിക്കുന്നത്. ഓരോ അഞ്ച് കിലോമീറ്ററിലും ഒരു സാധാരണ എസി ചാര്‍ജറും ഓരോ 50 കിലോമീറ്ററിലും ഒരു അതിവേഗ ഡിസി ചാര്‍ജറും സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ചാര്‍ജ്‌മോഡ് പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നത്. അടുത്തിടെ ഫിനിക്സ് ഏയ്ഞ്ചല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചു.
രാജ്യത്തുടനീളം 120 കിലോവാട്ട് മുതല്‍ 340 കിലോവാട്ട് വരെ ശേഷിയുള്ള അതിവേഗ ചാര്‍ജറുകള്‍ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങളിലെ യാത്ര ആശങ്കാരഹിതവും സുഗമവുമാക്കുക എന്നതാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇതുവരെ 72,000 ത്തിലധികം ആളുകള്‍ ചാര്‍ജ്‌മോഡിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ചാര്‍ജ്‌മോഡിന്റെ 2000 ചാര്‍ജിങ് സ്റ്റേഷനുകളിലൂടെ രണ്ട് ലക്ഷത്തിലേറെ തവണ ഇലക്ട്രിക്ക് വാഹന ഉടമകള്‍ അവരുടെ വാഹനം ചാര്‍ജ് ചെയ്തുകഴിഞ്ഞു. ഓരോ ദിവസവും 120 പുതിയ ഉപഭോക്താക്കള്‍ പുതുതായി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഏതാണ്ട് 40 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഒഴിവാക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നാണ് കണക്കുകള്‍. അതായത് ഏതാണ്ട് 995 മെട്രിക് ടണ്‍ ഹരിതഗൃഹവാതകമാണ് അന്തരീക്ഷത്തിലേക്ക് പരക്കുന്നതില്‍ നിന്ന് ഒഴിവായത്. ഇതിലൂടെ 1,60,000 ല്‍പ്പരം ലിറ്റര്‍ ഇന്ധനവും ലാഭിച്ചു.
നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തുടങ്ങിയ ഈ സംരംഭം ഇന്നൊരു വലിയ ബിസിനസായി മാറാന്‍ കാരണം പ്രകൃതിസൗഹൃദ ആശയങ്ങള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് ചാര്‍ജ്‌മോഡിന്റെ സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറയുന്നു. ഇപ്പോള്‍ കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചാര്‍ജറുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാല്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇവയ്ക്ക് വിശ്വാസ്യതയും ഉയര്‍ന്ന ഫലപ്രാപ്തിയും ഉറപ്പുനല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ വിപുലീകരിക്കുന്നതിന് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിരവധി പരിപാടികളും ചാര്‍ജ്‌മോഡ് സംഘടിപ്പിച്ചുവരുന്നു. എഞ്ചിനീയറിംഗ് കോളേജുകളില്‍ നടത്തുന്ന ഇവി ചാര്‍ജിങ് ശില്പശാലകളാണ് അതിലൊന്ന്. ഗവേഷണത്തിനായി വിപണിയിലെ പ്രമുഖരുമായും അക്കാദമിക വിദഗ്ധരുമായും സഹകരിക്കാറുമുണ്ട്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ കൂറ്റന്‍ ബസുകളും ട്രക്കുകളും വരെ ചാര്‍ജ് ചെയ്യാവുന്ന സ്റ്റേഷനുകളും ഉയര്‍ന്ന ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജറുകളുടെ വികസനവും നടന്നുവരുന്നു. കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് ചാര്‍ജിങ് സംവിധാനം നല്‍കുന്ന ഒരേയൊരു കമ്പനിയാണ് തങ്ങളെന്ന് ചാര്‍ജ്‌മോഡ് പറയുന്നു. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വേണ്ടി കേരളത്തിലാദ്യമായി മൊബൈല്‍ ആപ്പ് വികസിപ്പിച്ചതും ചാര്‍ജ്മോഡാണ്. പത്ത് സംസ്ഥാനങ്ങളിലായി, ആറ് ഭാഷകളില്‍ ഉപഭോക്തൃ സേവനം നല്‍കുന്ന 2000 ചാര്‍ജിങ് സ്റ്റേഷനുകളും 150 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ഇന്ന് കമ്പനിക്ക് സ്വന്തമായുണ്ട്. സിഇഒ രാമനുണ്ണി എം, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ വിഭാഗം മാനേജര്‍ അനൂപ് വി, ഓപ്പറേഷന്‍സ് മാനേജര്‍ അദ്വൈത് സി, ടാഞ്ചിബിള്‍ പ്രോഡക്റ്റ് വിഭാഗം തലവന്‍ മിഥുന്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചാര്‍ജ്‌മോഡ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്.