കാട്ടാക്കട: തിരുവനന്തപുരം വാഴിച്ചല്‍ പാറക്കൂട്ടത്തിനിടയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടം കണ്ടെത്തി.
വാഴിച്ചല്‍ കളിവിളാകം സഹദേവപണിക്കരുടെ ഏക്കറു കണക്കിന് തോട്ടം വരുന്ന പാറകൂട്ടത്തിലാണ് അജ്ഞാത മനുഷ്യന്റെ അസ്ഥികൂടം കണ്ടത്. ഇവിടെ പച്ചില മരുന്ന് ശേഖരിക്കാന്‍ പോയ ചിലരാണ് പാറകൂട്ടത്തിനിടയില്‍ എല്ലുകള്‍ കണ്ടത്.
ഇവര്‍ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ ഭാഗങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അടുത്തുള്ള ചായക്കടയില്‍ പങ്കുവച്ചു. തുടര്‍ന്നാണ് നെയ്യാര്‍ ഡാം പൊലീസില്‍ വിവരം അറിയിക്കുകയും അവരെത്തി തിരച്ചില്‍ നടത്തുകയുമായിരുന്നു.
പാറകൂട്ടത്തിന്റെ വശങ്ങളില്‍ നടത്തിയ തിരച്ചിലാണ് തലയോട്ടിയും നട്ടെല്ലും കണ്ടത്. പലയിടത്തായി എല്ലിന്‍ കഷണങ്ങളും കണ്ടെത്തി. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.
തുടര്‍ന്ന് കിട്ടിയ ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പ്രാഥമിക നിഗമനപ്രകാരം പുരുഷന്റെ അസ്ഥികൂടമാണ് കണ്ടത് എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്ഥല ഉടമ സഹദേവ പണിക്കരെ പൊലീസ് ചോദ്യം ചെയ്തു. പരിസരവാസികളില്‍ നിന്നും മൊഴിയെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന് പൊലീസ് പറയുന്നു.