നിരത്തിലെത്തിയിട്ട് വെറും ഏഴു മാസ കാലയളവില്‍ 50000ത്തിലധികം യൂണിറ്റ് ബ്രെസ യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ചത്. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചത് വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്.
കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം വിപണിയുടെ 49.54 ശതമാനവും മാരുതി നേടിയതിലുള്ള വ്യക്തമായ പങ്ക് ബ്രെസയ്ക്കുണ്ട്.
എസ്.യു.വി ശ്രേണിയില്‍ ഫോഡ് എക്കോസ്‌പോര്‍ട്, റെനോ ഡസ്റ്റര്‍, മഹീന്ദ്ര TUV 300, ഹ്യുണ്ടായ് ക്രേറ്റ എന്നീ മോഡലുകളില്‍ നിന്നും കടുത്ത മത്സരം നേരിട്ടാണ് ബ്രെസയുടെ ഈ കുതിപ്പ്.
1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 13.3 സെക്കന്റുമതി വിറ്റാരയ്ക്ക്.
പതിനായിരത്തിനടുത്ത് യൂണിറ്റാണ് സപ്തംബറില്‍ മാത്രം മാരുതി വിറ്റഴിച്ചത്. ബ്രെസയുടെ ചിറകിലേറി യൂട്ടിലറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ 191 ശതമാനത്തിന്റെ വളര്‍ച്ചയാണ് മാരുതി സ്വന്തമാക്കിയത്.
മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.