തിരുവനന്തപുരം:ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം. പിഡബ്ലുഡി എഞ്ചിനീയറെ ഒന്നാം പ്രതിയാക്കി കേസെടുക്കും. കണ്‍സള്‍ട്ടന്‍സി കരാറില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 12 കോടിയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റ കാലത്താണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിനുള്ള നടപടികള്‍ ആരംഭിച്ചത്. മെഡിക്കല്‍ കോളേജിന് നീക്കം തുടങ്ങിയത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആണ്. 2015 ജനവരി ഒന്നിനായിരുന്നു കരാര്‍ ഒപ്പിട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് കരാര്‍ നല്‍കിയതെന്ന് ആരോപണമുയര്‍ന്നു.
മെഡിക്കല്‍ കോളേജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കരാര്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കുറഞ്ഞ തുക സമര്‍പ്പിച്ച കരാറുകാരെ ഒഴിവാക്കി കൂടുതല്‍ തുക സമര്‍പ്പിച്ചവര്‍ക്ക് കരാര്‍ നല്‍കിയതായും പദ്ധതി തുകയുടെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായും ചൂണ്ടിക്കപ്പെട്ടിരുന്നു. ഇങ്ങനെ കരാര്‍ നല്‍കിയപ്പോള്‍ സര്‍ക്കാരിന് 7.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം.