കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ.സെബാസ്റ്റിയന്‍ പോള്‍ രംഗത്ത്.
വിശദീകരണമില്ലാതെ അക്രമാസക്തരാവുന്ന രണ്ട് വിഭാഗമാണ് കേരളത്തിലുള്ളത്. ഒന്ന് തെരുവ് നായ്ക്കളും മറ്റേത് അഭിഭാഷകരുമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
മനുഷ്യര്‍ സ്‌നേഹം നല്‍കി ഇതുവരെ വളര്‍ത്തിയ നായ്ക്കള്‍ അടുത്തിടെ ഒരു കാരണവുമില്ലാതെ അക്രമകാരികളാവുന്നു. ഒരു സംസ്ഥാന സമ്മേളനം നടത്തുന്നത് പോലെയാണ് നായ്ക്കള്‍ സംഘം ചേര്‍ന്നിരിക്കുന്നത്.
അക്രമകാരികളായ നായ്ക്കളെ വന്ധ്യം കരിച്ച് അക്രമ വാസന കുറച്ച ശേഷം തിരിച്ചു കൊണ്ടുവിടുന്നുണ്ട്. ചിലര്‍ നായ്ക്കളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍, സമാനമായ നടപടി അഭിഭാഷകടക്കു നേരെ സ്വീകരിക്കണമെന്ന അഭിപ്രായം തനിക്കില്ല. അഭിഭാഷകര്‍ക്കുള്ള ശിക്ഷ എന്താണെന്ന് ജനം തീരുമാനിക്കട്ടെ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
പത്രദൃശ്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ഇല്ലാത്ത കോടതികള്‍ അടഞ്ഞ കോടതികളാണ്. കേരളത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അടിയന്തരാവസ്ഥയാണുള്ളത്. അഭിഭാഷക അസോസിയേഷന്റെ സഹായം ഇല്ലാതെയും തനിക്ക് ജോലി ചെയ്യാമെന്നും സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.