ന്യൂഡല്‍ഹി: പാക് താരം അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെങ്കില്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ നിര്‍ദ്ദേശത്തിനെതിരെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും രംഗത്ത്.
സെന്യത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നതില്‍ അതിയായ ആശങ്കയുണ്ടെന്നും മുതിര്‍ന്ന സൈനികന്‍ പറഞ്ഞു.
സൈനിക ക്ഷേമനിധിയിലേക്ക് നല്‍കുന്ന എല്ലാ ഫണ്ടുകളും സ്വന്തം ഇഷ്ടപ്രകാരമാകണം. ആരുടെയും കയ്യില്‍നിന്നു പണം അന്യായമായി ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ല. സൈന്യം പൂര്‍ണമായും രാഷ്ട്രീയത്തിനു പുറത്താണ്. അവരെ രാഷ്ട്രീയത്തിലേക്ക് ഇടപെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവനിര്‍മാണ്‍ സേനയുടെ നിര്‍േദ്ദശത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മുന്‍ മിലിറ്ററി സെക്രട്ടറി ലഫ്. ജനറല്‍ സയീദ് അത് ഹസൈന്‍ പറഞ്ഞു. എന്തിനാണ് സൈന്യം ഈ അന്യായത്തിന് കൂട്ടുനില്‍ക്കുന്നത്. ഈ പണം സ്വീകരിക്കുന്നതിലൂടെ അശുദ്ധിയായ പണം സ്വീകരിക്കുന്ന വ്യക്തികളാകുമെന്ന് വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂറും (റിട്ട) പ്രതികരിച്ചു.
പാക്ക് താരം ഫവാദ് ഖാന്‍ അഭിനയിച്ച ‘യെ ദില്‍ ഹെ മുശ്കില്‍’ എന്ന ചിത്രത്തിനെതിരെ എംഎന്‍എസ് വ്യാപക പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പാക് താരങ്ങള്‍ അഭിനയിച്ചിട്ടുള്ള ‘റയീസ്’, ‘ഡിയര്‍ സിന്ദഗി’ എന്നീ ഹിന്ദി ചിത്രങ്ങളുടെ റിലീസിനും അഞ്ചു കോടി രൂപ വീതം സൈനിക ക്ഷേമനിധിയില്‍ അടയ്ക്കണം. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നാലെയാണ് നടപടിയില്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പറിയിച്ചത്.