103 ക്രിമിനലുകളെ കൊന്നു; രണ്ടു വര്‍ഷത്തെ കണക്ക് എണ്ണി പറഞ്ഞ് യുപി പോലീസ്

യുപിയില്‍ പീഡന കൊലപാതക കേസുകള്‍ വര്‍ദ്ധിക്കേ പോലീസ് ഉറക്കത്തിലാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പോലീസ്. രണ്ടു വര്‍ഷത്തിനിടെ 103 ക്രിമിനലുകളെയാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു.

ഹൈദരാബാദിലെ ക്രൂരതയ്ക്ക് കാരണമായ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ തെലങ്കാന പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡല്‍ഹി, യുപി പോലീസുകാര്‍ ഹൈദരാബാദ് പോലീസിനെ കണ്ടു പഠിക്കണമെന്നുമായിരുന്നു മായാവതി പ്രതികരിച്ചത്.

‘103 ക്രിമിനലുകളെ ഇല്ലാതാക്കി, 1859 പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റു, രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തിയ നടപടികളെ കുറിച്ച് പോലീസ് ഒഫീഷ്യല്‍സ് പറയുന്നതിങ്ങനെ. ഈ കാലഘട്ടത്തില്‍ യോഗി സര്‍ക്കാരിനെ ഭയന്ന് 17745 ക്രിമിനലുകളാണ് കീഴടങ്ങിയത്. ജീവഭയം കൊണ്ട് കീഴടങ്ങുകയാണെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഈ കണക്കുകള്‍ വ്യക്തമാക്കും യുപി പോലീസ് നിഷ്‌ക്രിയരല്ലെന്ന്, അധികൃതര്‍ പറയുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ശക്തമായ നടപടികളാണ് ക്രിമിനലുകള്‍ക്കെതിരെ സ്വീകരിച്ചത്. ഇതിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന ആരോപണം വരെ ഉയര്‍ന്നെങ്കിലും യുപി പോലീസിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

Top