Drought-affected area-keralam

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമ്പോഴാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപം നല്‍കും. മഴ കുറയുന്ന സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുക.

Top