500, 1000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനളള നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് പേറ്റിഎം പോലുള്ള ഡിജിറ്റല്‍ പണ ഇടപാടുകാര്‍ രംഗത്ത്.
കറന്‍സി വിനിമയത്തിലെ ആഴ്ചകള്‍ നീളുന്ന അനിശ്ചിതാവസ്ഥ അനുഗ്രഹമായിരിക്കുന്നത് ഡിജിറ്റല്‍ പണ ഇടപാടുകാര്‍ക്കാണ്.
കേന്ദ്രത്തിന്റെ ഈ തീരുമാനത്തോടെ സമ്പദ്‌വ്യവസ്ഥയിലെ 86 ശതമാനം നോട്ടുകളാണ് മാറുക.
98ശതമാനം ഉപഭോക്താക്കളും കറന്‍സി ഉപയോഗിച്ച് വിനിമയം നടത്തുന്ന രാജ്യമാണ് ഇന്ത്യ.
ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ ഗുണകരമായ മാറ്റം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇത്തരം വെബ് സൈറ്റുകള്‍. സാമ്പത്തിക സാങ്കേതിക സംരംഭങ്ങളുടെ സുവര്‍ണ്ണകാലമാണിതെന്നാണ് പേറ്റിഎം സ്ഥാപകന്‍ ശേഖര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തത്.
പേറ്റിഎം പോലുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ വളര്‍ച്ച ഇരട്ടിയിലേറെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 50 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന ഇറ്റ്‌സ് കാഷ് പോലുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ ഇപ്പോള്‍ 120 ശതമാനത്തിലേറെ വളര്‍ച്ചയാണ് സ്വപ്‌നം കാണുന്നത്.
കറന്‍സിയുടെ സുവര്‍ണ്ണകാലം കഴിഞ്ഞെന്നും ഡിജിറ്റല്‍ പണത്തിന്റെ കാലമാണ് വരുന്നതെന്നുമുള്ള വ്യക്തമായ സൂചനയാണ് ഇതു നല്‍കുന്നത്. 350 കോടി ഡോളറാണ് പ്രതിവര്‍ഷം ഇന്ത്യ കറന്‍സി വിനിമയത്തിനായി ചിലവിടുന്നത്.
പണം അച്ചടിക്കുന്നത് മുതല്‍ എടിഎം ചാര്‍ജുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ പേമെന്റ് കമ്പനികളില്‍ ഭീമന്മാരായ പേറ്റിഎം മൂന്നു വര്‍ഷത്തെ വളര്‍ച്ച ഒറ്റവര്‍ഷം കൊണ്ടു നേടുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. മോദിയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പേറ്റിഎം വാലറ്റുകളില്‍ 1000 ശതമാനം പണമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡില്‍ 200 ശതമാനവും വിനിമയ നിരക്കില്‍ 250 ശതമാനവും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.