ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. 106 പേജുള്ള പ്രകടന പത്രികയില്‍ 59 വാഗ്ദാനങ്ങള്‍ ആണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കും എന്ന് ഉറപ്പ് നല്‍കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമല്‍നാഥ് ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പ്രകടന പത്രികയ്ക്കായി 9000 ത്തില്‍ അധികം നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അയച്ച് തന്നിരുന്നു എന്ന് കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ജാതി സെന്‍സസ് നടത്തും എന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കമല്‍നാഥും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും ചേര്‍ന്ന് ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സംസ്ഥാനത്തെ എല്ലാ പൗരന്‍മാര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും എന്നതാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഒ ബി സിക്കാര്‍ക്ക് 27 ശതമാനം സംവരണം, ഐ പി എല്ലിന് സംസ്ഥാനത്ത് നിന്ന് ടീം എന്നിവും വാഗ്ദാനങ്ങളിലുണ്ട്. കര്‍ഷകര്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും പരിഗണിച്ച് കൊണ്ടാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍. എല്ലാവര്‍ക്കും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും തങ്ങള്‍ നല്‍കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കമല്‍ നാഥ് പറഞ്ഞു.
രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500 രൂപയ്ക്ക് എല്‍ പി ജി സിലിണ്ടറുകള്‍ നല്‍കുമെന്നും സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ വേതനമായി 1500 രൂപ മുതല്‍ 3000 രൂപ വരെ നല്‍കുമെന്നും കമല്‍നാഥ് വാഗ്ദാനം ചെയ്തു.