ന്യൂഡല്‍ഹി: രാജ്യത്ത് 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ച ശേഷം കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് 500 രൂപയും, മറ്റു അതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് 1000 രൂപയും വച്ചു നല്‍കിയിരുന്നു. പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതായി പ്രഖ്യാപിച്ചതോടെ തീവ്രവാദികളുടെ ഫണ്ടിംഗ് അവസാനിച്ചിരിക്കുകയാണ്. മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ മനോഹര്‍ പരീക്കര്‍ പറഞ്ഞു.
വിഷയം അതിര്‍ത്തിരക്ഷയോ സാമ്പത്തിക സുരക്ഷയോ ആയിക്കോട്ടെ കടുത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും എടുത്തിരുന്നത്.
അതിര്‍ത്തിയില്‍ എന്ത് നടന്നാലും അതെല്ലാം നടപ്പാക്കിയിരിക്കുന്നത് ജവാന്‍മാരാണ്. അവരെ പിന്തുണയ്ക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നത് പരീക്കര്‍ പറഞ്ഞു.
കശ്മീര്‍ താഴ്‌വരയിലെ പ്രക്ഷോഭങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളിലും നവംബര്‍ എട്ടിന് ശേഷം കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാമ്പത്തിക രംഗത്ത് പ്രധാനമന്ത്രി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിഘടനവാദികളുടേയും തീവ്രവാദികളുടേയും ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവുമെന്നും, താഴ്‌വരയിലെ സ്ഥിതിഗതികള്‍ ഇനിയൊരിക്കലും പഴയ പോലെയാവില്ലെന്നുമാണ് ബിജെപിയുടെ കശ്മീര്‍ ഘടകം വക്താവ് സുനില്‍ സേതി പറയുന്നത്.
പാകിസ്താനിലെ പെഷവാറില്‍ 500ന്റേയും 1000ത്തിന്റേയും വ്യാജകറന്‍സികള്‍ അച്ചടിക്കുന്ന ഒരു പ്രസ്സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനേയും ആര്‍ബിഐയേയും അറിയിച്ചിരുന്നു.
ഇത്തരം വ്യാജകറന്‍സികള്‍ വ്യാപകമായി ഉപയോഗിച്ചാണ് കശ്മീരില്‍ വിഘടനവാദികള്‍ പ്രക്ഷോഭം സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് വരെ ”ലക്ഷണമൊത്ത” ഇന്ത്യന്‍ നോട്ടുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതേസമയം പുതിയ 500 രൂപ 2000 രൂപ നോട്ടുകള്‍ക്ക് വ്യാജനിറക്കാന്‍ പാകിസ്താനോ തീവ്രവാദ സംഘടനകള്‍ക്കോ എളുപ്പം സാധിക്കില്ലെന്നാണ് റോ, ഇന്റലിജന്‍സ് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നതിന് മുന്‍പേയുള്ള ആറ് മാസം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ നോട്ടുകള്‍ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.