ന്യൂഡല്‍ഹി: 100,500 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രാജ്യത്തെ 82 ശതമാനം പേരും അനുകൂലിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്.
പ്രമുഖ ന്യൂസ് ആപ്പായ ഇന്‍ഷോര്‍ട്ട്‌സാണ് സര്‍വേ നടത്തിയത്. എന്നാല്‍ നോട്ട് പ്രതിസന്ധി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ അത്ര തൃപ്തരല്ല രാജ്യത്തെ ജനങ്ങളെന്നും സര്‍വേ വ്യക്തമാക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും കരുതുന്നത് കള്ളപ്പണം തടയുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
എടിഎമ്മുകളില്‍ നിന്ന് പരമാവധി പിന്‍വലിക്കാവുന്ന തുക ഒരു ദിവസം 2000 രൂപ (ഇപ്പോള്‍ 2500) എന്നതിനെ 52 ശതമാനം പേരും അനുകൂലിക്കുന്നില്ല.
രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 1000,500 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശേഷമുള്ള രണ്ടു ദിവസങ്ങളിലാണ് ഇന്‍ഷോര്‍ട്ട്‌സ് സര്‍വേ നടത്തിയത്.
കള്ളപ്പണം തടയുന്നതിനും നികുതിവെട്ടിപ്പ് ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള സര്‍ക്കാര്‍ തീരുമാനത്തെ നല്ല പ്രഖ്യാപനമായിട്ടാണ് ഭൂരിപക്ഷം യുവാക്കളും നഗരവാസികളും കാണുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനത്തിലധികവും 35 വയസും അതിനു താഴെയുള്ളവരുമാണ്.
ന്യൂഡല്‍ഹി, മുംബൈ,ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, പുണെ,ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഢ്, ലക്‌നൗ എന്നീ പത്ത് മെട്രോ നഗരങ്ങളിലാണ് സര്‍വേ നടന്നത്