കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ മരണം 109 എന്ന് ഔദ്യോഗിക സ്ഥിരീകരണം പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. 84 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലത്ത് മരണപ്പെട്ട നാല് പേരെ കൂടി തിരിച്ചറിഞ്ഞു. കൊല്ലത്ത് 14 തിരുവനന്തപുരത്ത് നാലും ഉള്‍പ്പെടെ മൊത്തം 18 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തും. ചികിത്സാ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ സംസ്ഥാനത്ത് തുടരുകയാണ്.
തിരുവനന്തപുരത്തും കൊല്ലത്തുമായാണ് പരിക്കേറ്റവര്‍ ചികില്‍സയിലുളളത്. പലരും അപകടനില തരണം ചെയ്തിട്ടില്ല. പരിക്കേറ്റവരെ ചികിത്സക്കായി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. ഡല്‍ഹി, മുംബൈ അടക്കമുളള സ്ഥലങ്ങളില്‍ വിദഗ്ധ ചികില്‍സ ഒരുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഏറെപ്പേര്‍ക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാല്‍ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അതേസമയം ആശുപത്രികളില്‍ വിദഗ്ധ ചികില്‍സക്കുളള സൗകര്യം വര്‍ധിപ്പിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എന്‍ എസ് ആശുപത്രി, തുടങ്ങിയ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയില്‍ വീണാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കോണ്‍ക്രീറ്റ് നിര്‍മിതമായ കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയില്‍ പൊട്ടിത്തെറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രഗേറ്റിനു മുന്‍വശവും പരിസരവും അഗ്നിഗോളമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിനു വീടുകള്‍ക്കും നാശം സംഭവിച്ചു.