note issue; thisi just beging; modi

ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും നന്മയ്ക്ക് വേണ്ടിയാണ്. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് കള്ളപ്പണവും കള്ളനോട്ടും കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

അത്തരം ദുഷ്ടശക്തികളെ ഈ രാജ്യത്ത് നിന്ന് ആട്ടിപ്പായിക്കാനും സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി എംപിമാര്‍ സര്‍ക്കാര്‍ നടപടിയുടെ നല്ല വശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച പാര്‍ലമെന്ററി യോഗം പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ വേട്ടയാടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നും നോട്ട് പിന്‍വലിക്കലിനെ പിന്തുണയ്ക്കുന്നുവെന്നുമുള്ള പ്രമേയം പാസാക്കി.

അഴിമതിക്കെതിരെ പ്രധാനമന്ത്രി നടത്തുന്ന ഈ കുരിശുയുദ്ധത്തെ പ്രകീര്‍ത്തിച്ച മന്ത്രി വെങ്കയ്യാ നായിഡു പ്രതിപക്ഷം രാജ്യത്ത് കലാപവും കുഴപ്പങ്ങളുമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

ഒരു നല്ല ഇന്ത്യ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത്. വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള എല്ലാ തീരുമാനങ്ങളും കുറച്ച് വേദനയുണ്ടാക്കിയിട്ടുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

Top