ന്യൂഡല്‍ഹി:രാജ്യത്ത് നിന്നും പിന്‍വലിച്ച നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ അതിന്റെ 50 ശതമാനം നികുതി ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
കൂടാതെ നിക്ഷേപത്തിന്റെ 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് മരവിപ്പിക്കാനും തീരുമാനിച്ചു.
നിക്ഷേപത്തിന്റെ ഉറവിടം സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതിവകുപ്പ് പിന്നീട് കണ്ടുപിടിക്കുകയും ചെയ്താല്‍ നികുതിയും പിഴയുമടക്കം അതിന്റെ 90 ശതമാനം സര്‍ക്കാറിലേക്ക് പോകും. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും. ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.
അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 ആണ്. രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ജന്‍ധന്‍ അക്കൗണ്ടുകളിലുംമറ്റും വന്‍തോതില്‍ നിക്ഷേപം നടത്തിയാല്‍ അത് പരിശോധിക്കുമെന്നും പിന്നീട് വിശദീകരണമുണ്ടായി.
നോട്ട് അസാധുവാക്കലിന് ശേഷം മറ്റുള്ളവരെ ഉപയോഗിച്ച് നിരവധിയാളുകള്‍ ബാങ്കില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.