മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 1088 കര്‍ഷകര്‍. ഛത്രപതി സംഭാജിനഗര്‍, നന്ദേദ് തുടങ്ങി എട്ട് ജില്ലകള്‍ അടങ്ങിയതാണ് ഈ മേഖല. കഴിഞ്ഞ വര്‍ഷവും ഇതേ തോതിലുള്ള ആത്മഹത്യ നിരക്ക് ഈ മേഖലയിലുണ്ടായിരുന്നു. 2022ല്‍ 1033 കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്.
മറാത്ത് വാഡയില്‍ ആത്മത്യ ചെയ്ത കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘1,088 കേസുകളില്‍ 777 എണ്ണം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവയാണ്, അത് വിതരണം ചെയ്തു, 151 കേസുകള്‍ നിലവില്‍ അന്വേഷണത്തിലാണ്,” പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.പൊതുനിക്ഷേപത്തിലുണ്ടാകുന്ന ഇടിവ്, പ്രധാന വ്യവസായങ്ങളുടെ സ്വകാര്യവത്കരണം, വിദേശ വ്യാപാരികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുക, കാര്‍ഷിക വായ്പകള്‍ വെട്ടിക്കുറയ്ക്കുക എന്നിവയെല്ലാം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തല്‍. സബ്‌സിഡി നല്‍കി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു.
2023-ല്‍ നടന്ന 1,088 ആത്മഹത്യകളില്‍, ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് ബീഡിലാണ്-269 പേര്‍. ഛത്രപതി സംഭാജിനഗറില്‍ 182, നന്ദേഡില്‍ 175, ധാരാശിവില്‍ 171, പര്‍ഭാനിയില്‍ 103 എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ ആത്മത്യ ചെയ്തവരുടെ എണ്ണം. 2014ന് ശേഷം ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് പ്രതിദിനം ശരാശരി 30 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്.