ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടുന്നതിലെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പത്തുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ഇളവുകളോടെയായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. ഏതൊക്കെ മേഖലയെ ഒഴിവാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ പത്ത് ഇരട്ടിയെങ്കിലും കൂടുമായിരുന്നു എന്ന കണക്കുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഇളവുകള്‍ എന്തൊക്കെ എന്ന് പ്രധാനമന്ത്രി വിശദീകരിക്കും. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങാനാകും എന്നതിലും വ്യക്തതയുണ്ടാകും. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടു വെക്കും. സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചേക്കും.