പ്രത്യക്ഷ നികുതിപിരിവില്‍ 11.2% വര്‍ധന; കിട്ടിയത് 3.8 ലക്ഷം കോടി

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യക്ഷ നികുതിപിരിവില്‍ 11.2% വര്‍ധനവ്. രണ്ടര മാസം കൊണ്ട് 3.8 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം അറിയിച്ചു. പ്രത്യക്ഷനികുതി പിരിവ് ജൂണ്‍ 17 വരെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 1.57 ലക്ഷം കോടിയും ഇന്‍കംടാക്‌സ് വിഭാഗത്തില്‍ 2.22 ലക്ഷം കോടിയും ഇതില്‍ ഉള്‍പ്പെടും.

നികുതി പിരിവില്‍ നിന്നുള്ള വര്‍ധനവ് സര്‍ക്കാറിന്റെ കണക്കുകൂട്ടലുകളേക്കാള്‍ മുന്നിലാണ്. 2023-24ലെ യൂണിയന്‍ ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രത്യക്ഷ നികുതിപിരിവില്‍ 10.5% വര്‍ധനവുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. കോര്‍പ്പറേറ്റ് നികുതിയില്‍ കഴിഞ്ഞ വര്‍ഷത്തെ 9.23 ലക്ഷം കോടിയില്‍ നിന്നും 10.5 ശതമാനത്തിന്റെ വര്‍ധനവും ഇന്‍കംടാക്‌സില്‍ 9.01 ലക്ഷം കോടിയില്‍ നിന്നും സമാനമായ വര്‍ധനവുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്.

2023-24ല്‍ ഇതുവരെ റീഫണ്ടായി സര്‍ക്കാര്‍ അനുവദിച്ച തുക 39,578 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 30,414 കോടിയാണ് റീഫണ്ടിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ചിലവായത്. 30.1% വര്‍ധനവാണിത്. പരോക്ഷ നികുതിയിലും പുതിയ റെക്കോര്‍ഡായിരുന്നു ഏപ്രില്‍ മാസത്തില്‍ ലഭിച്ചത്. 1.87 ലക്ഷം കോടി രൂപ. മേയ് മാസത്തില്‍ പരോക്ഷ നികുതിപിരിവ് 1.57 ലക്ഷം കോടി രൂപയായിരുന്നു.

Top