കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം തയാറാക്കി. 11 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. സൂരജിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2004 മുതല്‍ 2014 വരെ പത്ത് കൊല്ലത്തെ രേഖകളിലെ സ്വത്ത് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് 11 കോടി രൂപ ആസ്തി കണക്കാക്കിയത്. വരുമാനത്തേക്കാള്‍ മൂന്നിരിട്ടി സ്വത്ത് സൂരജ് സമ്പാദിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരം, തൃശൂര്‍, കൊച്ചി, ഇടുക്കി ജില്ലകളിലും ഭാര്യ, മക്കള്‍ എന്നിവരുടെ പേരിലും ഭൂമിയും ഫ്‌ളാറ്റും ഉണ്ട്. മൂന്ന് മക്കളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് പഠിക്കുന്നത്. മകന്റെ പേരില്‍ മംഗലാപുരത്ത് ആഡംബര ഫ്‌ളാറ്റുണ്ട്. കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയും ഗോഡൗണും സൂരജിനുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ കലക്ടറും വ്യവസായ വകുപ്പ് ഡയറക്ടറുമായിരുന്ന സൂരജ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്