ഇൻഡോർ: മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് ആറു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ 11 പേർ മരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മാൽവയിലെ നിമച്ചിലായിരുന്നു സംഭവം. രാജസ്ഥാനിലെ സാൻവരിയ സേത് ക്ഷേത്രത്തിൽ ദർശനം നടത്തി സ്വദേശമായ മാൻസുവാറിലെ ഖണ്ഡാരിയ കാച്ചിറയിലേക്ക് വരികയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
ഗാൻസുവ നയഗാവിലുള്ള നാൽക്കവലയിലായിരുന്നു അപകടം. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു.
ട്രാക്ടറിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 11 പേരും സംഭവസ്ഥലത്തു മരിച്ചു. ഇവർക്ക് തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നിലഗുരുതരമാണ്.