റിയാദ് : ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധിച്ച 11 സൗദി രാജകുമാരന്മാര്‍ തടവിലെന്ന് റിപ്പോര്‍ട്ട്.
രാജകുടുംബാംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കുറച്ചുക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ ചരിത്ര പ്രാധാന്യമുള്ള ഖസ്ര് അല്‍-ഹൂം കൊട്ടാരത്തില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാരാണ് അറസ്റ്റിലായത്.
തങ്ങളുടെ ആവശ്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വെള്ളം, വൈദ്യൂതി തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയാണ് ഇവരെ ചൊടിപ്പിച്ചത്. തടവിലാക്കപ്പെട്ടകര്‍ക്കായുള്ള വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, തടവിലായവര്‍ ആരൊക്കെയാണെന്നത് പുറത്തു വിട്ടിട്ടില്ല.
സാമ്പത്തിക കമ്മിയുടെ പിടിമുറുക്കത്തെ തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളില്‍ കുറവു വരുത്തിയതിനൊപ്പം സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും മൂല്യവര്‍ധിത നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.