പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കാണാന്‍ കടുത്ത ആരാധകനായ മുഹമ്മദ് യാസീന്‍ എത്തി. പരിശീലനം കഴിഞ്ഞ് പവലിയന് മുന്നില്‍ മുഹമ്മദ് യാസീനുമൊത്ത് സഞ്ജു കളിച്ചു. യാസീന്‍ എറിഞ്ഞ പന്തുകളെ സഞ്ജു നേരിട്ടു.
ഐ.പി.എല്‍. സീസണിനു മുന്നോടിയായി പരിശീലനത്തിനെത്തിയതാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍കൂടിയായ സഞ്ജു സാംസണ്‍. ശനിയും ഞായറുമാണ് താരത്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ച തന്നെ താരം പരിശീലനം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ തന്നെ സഞ്ജു സ്റ്റേഡിയത്തിലെത്തി. മാര്‍ച്ച് 22-നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടും.
ഒപ്പിട്ട തൊപ്പി യാസീന് സമ്മാനിച്ച സഞ്ജു കുടുംബത്തെയും കൂട്ടി യാസീന്റെ വീട്ടിലേക്ക് വരാമെന്ന് ഉറപ്പും നല്‍കി. അംഗപരിമിതിയെ മറികടന്ന കണ്ണുകെട്ടി കീബോര്‍ഡില്‍ ദേശീയഗാനം വായിച്ചതിന് ഇന്ത്യന്‍ ബുക്സ് ഓഫ് റെക്കോര്‍ഡും സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടി പ്രശസ്തനാണ് 11 കാരനായ മുഹമ്മദ് യാസീന്‍.