മലയാള സിനിമയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം. 2012 സെപ്റ്റംബര്‍ 24-ാം തീയതി 77 -ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. അഭിനയ കലയുടെ പെരുന്തച്ചനെന്ന വിശേഷണത്തിന് മലയാള സിനിമയില്‍ ഇന്നോളം പകരക്കാരനായി ആരുമെത്തിയിട്ടില്ല. മലയാളി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓര്‍ത്തിരിക്കാന്‍ പോന്ന ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കിയ തിലകന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. അഭിനയത്തിലെ സൂക്ഷ്മതയും നിലപാടുകളിലെ ഉറച്ചു നില്‍പ്പും തിലകന്‍ എന്ന നടനെയും മനുഷ്യനെയും മലയാളികള്‍ ആരാധനയോടെ നോക്കി നിന്നു.
പി.എസ്.കേശവന്‍-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലായിരുന്നു തിലകന്റെ ജനനം. മുണ്ടക്കയം സി.എം.എസ്. സ്‌കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973-ലാണ് തിലകന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
ഏതു കഥാപാത്രത്തിലേക്കും അനായാസം പ്രവേശിക്കാന്‍ കഴിയുമെന്നതാണ് തിലകന്റെ പ്രത്യേകത. പൂര്‍വമാതൃകകളില്ലാതെ തിലകനിലെ നടന്‍, അത് ഊതിക്കാച്ചിയ പൊന്നുപോലെ മനോഹരമാക്കുന്നു. പെരുന്തച്ചനിലെ തച്ചനും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ തിലകന്‍ എന്ന നടനെ തലയെടുപ്പോടെ നിര്‍ത്തുന്നു. ഗൗരവമുളള കഥാപാത്രങ്ങള്‍ക്കൊപ്പം സ്വന്തം ഇമേജിനെക്കുറിച്ച് വേവലാതികൊള്ളാതെയുള്ള തിലകന്‍ വേഷങ്ങളും നിരവധിയാണ്. സത്യന്‍ അന്തിക്കാടിന്റെ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ദാമോദര്‍ജിയായുള്ള പകര്‍ന്നാട്ടം വേറിട്ട കഥാപാത്രങ്ങളിലൊന്നാണ്. ചട്ടമ്പി, കുടിയന്‍, പുതുപ്പണക്കാരന്‍, പൊലീസുകാരന്‍, ധനാഢ്യന്‍, ഏഷണിക്കാരന്‍, അധ്യാപകന്‍, കാര്യസ്ഥന്‍, മന്ത്രവാദി, നേതാവ്, എന്നിങ്ങനെ തിലകന്‍ എടുത്തണിയാത്ത വേഷങ്ങള്‍ കുറവാണ്.
2006ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറിപുരസ്‌കാരം ലഭിച്ചു്. ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്‌കാരവും തിലകനെ തേടി എത്തിയിരുന്നു. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് തിലകന്‍ ചെയ്തത്. ആ അഭിനയ പാടവമാണ് തിലകന്‍ എന്ന വ്യക്തി മരിച്ചിട്ടും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും മലയാളി മനസില്‍ നില്‍ക്കുന്നത്.