ബാങ്ക് കൊള്ള : പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പുകളെന്ന്‌ ഐജി

ശ്രീനഗര്‍: കാശ്മീരില്‍ ബാങ്കുകള്‍ കൊള്ളയടിച്ചത് പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പുകളാണെന്ന് ഐജി ജവേദ് ഗില്ലാനി .

ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര ഗ്രൂപ്പുകളാണ് ബാങ്ക് കൊള്ളയ്ക്കു പിന്നില്‍. ബാങ്ക് കൊള്ളയുമായി ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരില്‍ ചിലര്‍ വിദ്യാര്‍ഥികള്‍ക്കു പണം നല്‍കിയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതെന്നും നിലവില്‍ 200 ഭീകരര്‍ കാശ്മീരിലുണ്ടെന്നും അതില്‍ 110 പേര്‍ പ്രാദേശിക ഭീകരരാണെന്നും ഐജി പറഞ്ഞു.

കുല്‍ഗാമില്‍ ബാങ്കിലെ പണവുമായി പോയ വാന്‍ ആക്രമിച്ച് അഞ്ചു പൊലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

തെക്കന്‍ കാശ്മീരില്‍ ഭീകരര്‍ നാലു ബാങ്കുകളാണ് കൊള്ളയടിച്ചത്. ഇതേതുടര്‍ന്ന് തെക്കന്‍ കാശ്മീരിലെ പുല്‍വാമയിലും ഷോപിയാനിലുമായുള്ള 40 ഓളം ബ്രാഞ്ചുകളിലെ പണമിടപാടുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Top