Nokia’s Android phone may cost less than Rs 10,000 in India

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില വിവരങ്ങള്‍ പുറത്തുവന്നു. ഫീച്ചറുകള്‍, ഡിസൈന്‍, മോഡലുകള്‍, പുറത്തിറങ്ങുന്ന തീയതി എന്നിവയെ കുറിച്ചെല്ലാം ഇപ്പോള്‍ തന്നെ നിരവധി ടെക്ക് വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഏറ്റവും അവസാനമായി വില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

10,000 രൂപയിലാണ് നോക്കിയ ഡി വണ്‍ സിയുടെ വില തുടങ്ങുന്നതെന്നാണ് nokiapoweruser.com എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2 ജിബി റാമോടു കൂടിയ പതിപ്പിന് 9,999 രൂപയും, 3 ജിബി റാമോട് കൂടിയ മോഡലിനു 12,999 രൂപയുമാണ് വില.

ലഭ്യമായ വില വിവരങ്ങള്‍ ശരിയാണെങ്കില്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചെടുക്കുമെന്നാണ് കരുതാം.അതേസമയം ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നോക്കിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2017 ല്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം തന്നെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പുറത്തിറക്കുമെന്ന് നോക്കിയ മേധാവികള്‍ അറിയിച്ചിരുന്നു. നോക്കിയ D1C എന്ന പേരിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ ചിത്രങ്ങളാണ് നേരത്തെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നത്.

ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ഹാന്‍ഡ്‌സെറ്റുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

നോക്കിയ D1C ഗോള്‍ഡ് ഹൈ എന്‍ഡ് വേര്‍ഷനാണെന്നാണ് കരുതുന്നത്. ഗോള്‍ വേര്‍ഷന്റെ ഹോം ബട്ടണില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സറുണ്ടാകും.എല്ലാ വേര്‍ഷനുകളും ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, അഡ്രീനോ 505 ജിപിയു ഗ്രാഫിക്‌സ്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് നോക്കിയ ഡി വണ്‍ സിയുടെ മറ്റ് പ്രധാന സവിശേഷതകള്‍.

Top