ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 220 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.കഴിഞ്ഞ ഓഗസ്റ്റിലും ചൈനയില്‍ സമാനമായ രീതിയില്‍ ഭൂചലനം ഉണ്ടായിരുന്നു. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അന്ന് 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. 2022 സെപ്റ്റംബറില്‍ സെച്വാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിലും 100 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2008-ലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിന് ചൈന സാക്ഷിയാകുന്നത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 5,335 വിദ്യാര്‍ഥികളുള്‍പ്പെടെ 87,000-ത്തിലധികം പേര്‍ മരിച്ചതായോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു ഭൂചലനം. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകര്‍ന്നിട്ടുണ്ട്. ഭൂചലനത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.