uber issue; singer sayanora threaten by auto taxi driver

കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യൂബര്‍ ടാക്‌സി വിളിച്ച ഗായിക സയനോരയ്ക്ക് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാരുടെ ഭീഷണി.

പുലര്‍ച്ചെ നാലുമണിക്ക് മലബാര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് കൊച്ചിയിലെത്തിയ ഗായിക യൂബര്‍ ടാക്‌സി വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിയുമായി രംഗത്ത് എത്തിയത്.

സയനോരയെ യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണു ഒരു സംഘം ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നിലപാടെടുത്തത്. സംഭവങ്ങള്‍ പറഞ്ഞുകൊണ്ട് സയനോര ഫേസ്ബുക്കില്‍ ലൈവ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്.

പുലര്‍ച്ചെ ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവര്‍മാര്‍ ഈടാക്കുന്ന അമിത ചാര്‍ജു മൂലമാണ് യൂബര്‍ വിളിച്ചതെന്നാണ് സയനോര പറയുന്നത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പനമ്പിള്ളി നഗര്‍ വരെയുള്ള യാത്രയ്ക്ക് അഞ്ചൂറ് രൂപ വരെയാണ് സാധാരണ ചോദിക്കാറ്, അതുകൊണ്ടാണ് ഇത്തവണ യൂബര്‍ ടാക്‌സി ബുക്കു ചെയ്തത്. എന്നാല്‍ തന്നെ പിക്ക് ചെയ്യാനെത്തിയ യൂബര്‍ ടാക്‌സി ഡ്രൈവറെ ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ അക്രമിക്കുകയായിരുന്നു. താന്‍ ബഹളം വെച്ചതുമൂലമാണ് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് സയനോര പറയുന്നു.

ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ നടക്കുന്നത്, സുരക്ഷയെക്കരുതിയാണ് യുബര്‍ ബുക്ക് ചെയ്യുന്നത്, എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണ് ഗുണ്ടായിസം കാണിച്ചല്ല ഓണ്‍ലൈന്‍ ടാക്‌സിയില്‍ നിന്നുണ്ടാകുന്ന മത്സരങ്ങള്‍ മറികടക്കേണ്ടത് മികച്ച സര്‍വീസ് നടത്തിയാണെന്നും സയനോര കൂട്ടിചേര്‍ക്കുന്നു.

നേരത്തെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച വിദ്യ ഗോപാലകൃഷ്ണനെ ആ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണു ഒരു സംഘം ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നിലപാടെടുത്തിരുന്നു. സംഭവങ്ങള്‍ ഷൂട്ട് ചെയ്തു വിദ്യ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു ഇതേ തുടര്‍ന്ന് ഓട്ടോടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസത്തിനെതിരെ ഏറെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ആ സംഭവത്തിന്റെ ചൂടാറും മുമ്പാണ് ഗായിക സയനോരയ്ക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിരിക്കുന്നത്.

നേരത്തെ വിദ്യ ഗോപാലകൃഷ്ണനുണ്ടായ അനുഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും സര്‍വീസ് നടത്തുന്നതില്‍ നിന്നും ആരെയും വിലക്കിയിട്ടില്ലെന്നും സ്റ്റേഷനുകളില്‍ പാര്‍ക്കു ചെയ്യുന്ന പ്രീപെയ്ഡ് ടാക്‌സികള്‍ക്കു മറ്റു ടാക്‌സിയെ തടയാനുള്ള അധികാരമില്ലെന്നും റെയില്‍വേ അനുവദിക്കുന്ന പെര്‍മിറ്റ് പാര്‍ക്കിങ്ങിനുള്ള അനുമതി മാത്രമാണെന്നും പറഞ്ഞുകൊണ്ട് റെയില്‍വേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളിലൊന്നാണ് യൂബര്‍. കൊച്ചിയില്‍ മികച്ച സേവനം നല്‍കുന്ന യൂബറിന് നിരവധി ഉപഭോക്താക്കളുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ യൂബര്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ ഒന്നടങ്കം പറയുന്നത് കൂടാതെ കൊച്ചിയിലെ ഓട്ടോ, ടാക്‌സി നിരക്കുകളെക്കാള്‍ വളരെ കുറവുമാണ് യൂബറിന്റെ നിരക്കുകള്‍ എന്നതും പ്രധാന ആകര്‍ക്ഷണമാണ്.

Top