ലാഹോര്‍: ഭീകരത തുടര്‍ന്നാല്‍ പാകിസ്ഥാന്‍ പത്തു കഷണങ്ങളാവുമെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തുദ്ദവ തലവന്‍ ഹാഫിസ് സയീദ്.
രാജ്‌നാഥിന്റെ പ്രസ്താവന പാകിസ്ഥാനോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സയീദ് ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ വെടിനിറുത്തല്‍ കരാര്‍ ലംഘനം അനുവദിക്കില്ലെന്നും സയീദ് പറഞ്ഞു.
ലാഹോറിലെ നാസര്‍ ബാഗില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സയീദ്.
പാകിസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ റാ ഉദേ്യോഗസ്ഥന്‍ കല്‍ഭൂഷണിന് ക്‌ളീന്‍ ചിറ്റ് നല്‍കരുതെന്നും അങ്ങനെ ചെയ്താല്‍ പാകിസ്ഥാനു മേലുള്ള ഇന്ത്യയുടെ വിനാശകരമായ അടയാളമാവും പുറത്താവുകയെന്നും സയീദ് പറഞ്ഞു.
രാജ്‌നാഥ് സിംഗ് പാകിസ്ഥാനെ തകര്‍ക്കുന്ന കാര്യം സംസാരിച്ചപ്പോള്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ വക്താവ് സര്‍താജ് അസീസ് മൗനം പാലിക്കുകയായിരുന്നു.
1971ലെ പാകിസ്ഥാന്‍ അല്ല ഇപ്പോഴത്തേതെന്ന് ഇന്ത്യ മനസിലാക്കണം. ഇന്ന് പാകിസ്ഥാന്‍ ആണവ ശക്തിയാണ്. മാത്രമല്ല, മുസ്ലീം ലോകത്തെ ഏറ്റവും വലിയ ശക്തിയുമാണ്. അക്കാര്യം ഇന്ത്യ മറക്കരുത് സയീദ് അറിയിച്ചു.