അലപ്പോ: സിറിയയിലെ അലപ്പോയിലെ പ്രാന്തപ്രദേശങ്ങളില്‍നിന്ന് അവശേഷിക്കുന്ന വിമതകുടുംബങ്ങളെയും സൈന്യം ഒഴിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചരിത്ര നഗരം സൈന്യം നിയന്ത്രണത്തിലാക്കിയത്.
അലപ്പോയില്‍ നിന്നും വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലേക്കെത്തിയ ജനങ്ങള്‍ ഇപ്പോഴും പരിഭ്രാന്തിയിലാണ്. ആഘോഷത്തിലാണ് അലപ്പോയിലെ സൈനികര്‍. ഭീകരതക്കെതിരായ യുദ്ധത്തില്‍ നിര്‍ണായകമാണ് അലപ്പോയിലെ വിജയമെന്ന് സൈന്യം സന്ദേശത്തില്‍ പറഞ്ഞു.
2012ലാണ് അലപ്പോ വിഭജിക്കപ്പെട്ടത്. അലപ്പോയുടെ കിഴക്കന്‍ മേഖല വിമതരുടെയും പടിഞ്ഞാറന്‍ മേഖല സര്‍ക്കാര് നിയന്ത്രണത്തിലുമായിരുന്നു. കൂടുതല്‍ പേരെയും ഒഴിപ്പിച്ചത് വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ് ലിബ് പ്രവിശ്യയിലേക്കാണ്.
അഭയാര്‍ഥികളുടെ തള്ളിക്കയറ്റം ഇദ് ലിബിനെ മറ്റൊരു അലപ്പോയാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പു നല്‍കി.
നഗരം പൂര്‍ണമായി വിമതരില്‍നിന്ന് തിരിച്ചുപിടിച്ചത് സിറിയയിലെ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ നിര്‍ണായകമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തിനും തയാറാണ്.
സിറിയയെ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇത് വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ മുതലാണ് ബശ്ശാറിനു പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്.