സോള്‍: ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. രാജ്യത്തിന് നല്‍കിയ പുതുവത്സര സന്ദേശത്തിലാണ് കിം ജോങ് ഉന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ് നമ്മള്‍. 2016ല്‍ രാജ്യം ആണവശക്തിയായി കുതിച്ചുയര്‍ന്നെന്നും പുതുവത്സര സന്ദേശത്തില്‍ കിം പറഞ്ഞു.
മിസൈല്‍ സാങ്കേതിക വിദ്യയുടെ ഗവേഷണവും നിര്‍മാണവും പുരോഗമിക്കുകയാണെന്ന് പറഞ്ഞ കിം ദക്ഷിണ കൊറിയയുടെ കൂട്ടുപിടിച്ച് അമേരിക്ക നടത്തുന്ന യുദ്ധക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക ശേഷി വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
2011ല്‍ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെ തുടര്‍ന്ന അധികാരത്തിലെത്തിയ കിം ജോങ് ഉന്‍ രാജ്യത്തെ ആണവ പരിപാടികള്‍ വര്‍ധിപ്പിക്കുകയും ഈ വര്‍ഷം തന്നെ രണ്ട് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലസ്റ്റിക് മിലൈല്‍ സാങ്കേതികയുടെ പരീഷണത്തിലാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉത്തര കൊറിയ ഈ സാങ്കേതിതക വിദ്യ കൈവരിച്ചിരുന്നു എന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.
ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും കടുത്ത ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും മുമ്പെങ്ങുമില്ലാത്ത വിധം 2016ല്‍ മിസൈല്‍ പരീക്ഷണം വര്‍ധിപ്പിക്കുകയാണ് ഉത്തര കൊറിയ ചെയ്തത്.