russian involvement in us election

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ ചോര്‍ത്താന്‍ ഉത്തരവിട്ടത് പുടിനാണ്. തെളിവുകള്‍ അടുത്ത ആഴ്ച വെളിപ്പെടുത്തുമെന്ന് യു എസ് ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് കൈമാറി. നാളെ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് ക്ലാപ്പര്‍ തന്റെ വാദം ആവര്‍ത്തിച്ചത്.

റഷ്യന്‍ ഇടപെടലിന്റെ തെളിവുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസ് കമ്മറ്റിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ക്ലാപ്പര്‍. റഷ്യയുടെ സൈബര്‍ ആക്രമണം എല്ലാ തരത്തിലും അമേരിക്കക്കുള്ള ഭീഷണിയാണെന്നും സെനറ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

നാല് ഇന്റലിജന്‍സ് മേധാവികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ ട്രംപിനെതിരായ പരാമര്‍ശങ്ങളുണ്ടെന്നും സൂചനയുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ ചോര്‍ത്തിയത് തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന് രഹസ്യാന്വേഷണ മേധാവികള്‍ വ്യക്തമാക്കിയില്ല. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തള്ളിയിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇ മെയില്‍ ചോര്‍ത്തലുയര്‍ത്തിയ വിവാദക്കൊടുങ്കാറ്റ് ഉടനെയൊന്നും ശമിക്കില്ലെന്ന സൂചനയാണ് അന്വേഷണ റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിട്ടുണ്ടെങ്കിലും 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് മടക്കിയയച്ചുകഴിഞ്ഞു.

Top