vijay film bhairava do not release kerala

വിജയ് നായകനാകുന്ന ‘ഭൈരവ’ പുതിയ തമിഴ് ചിത്രം കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയറ്ററുകളില്‍ നല്‍കേണ്ടെന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

വിജയ് ചിത്രം സംസ്ഥാനത്ത് 150 തിയറ്ററുകളില്‍ വരെ റിലീസ് ചെയ്യാറുണ്ട്. എന്നാല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ മള്‍ട്ടിപ്ലക്‌സുകള്‍, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തിയറ്ററുകള്‍, സര്‍ക്കാര്‍ തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ മാത്രം ഈ ചിത്രം 12നു റിലീസ് ചെയ്താല്‍ മതിയെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു.

എഴുപതോളം തിയറ്ററുകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഏതെങ്കിലും തിയറ്ററില്‍ ഈ ചിത്രം നല്‍കണമെങ്കില്‍ തിയറ്റര്‍ ഉടമ ഒന്‍പതിനു മുമ്പായി നിര്‍മാതാക്കളുടെ വ്യവസ്ഥ അംഗീകരിച്ചു രേഖാമൂലം ഉറപ്പു നല്‍കണം. ഇതിനിടെ നികുതി വെട്ടിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാനത്തെ 33 തിയറ്ററുകളില്‍ വിജിലന്‍സ് ഇന്നലെ പരിശോധന നടത്തി.

തിയറ്റര്‍ ഉടമകള്‍ നികുതി വെട്ടിക്കുകയും ക്ഷേമനിധി വിഹിതം അടയ്ക്കാതിരിക്കുകയും ചെയ്യുന്നുവെന്നു കാട്ടി സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

സമരത്തെ അവഗണിച്ചു 12നു ഭൈരവയും തുടര്‍ന്നു 19ന് ഏതെങ്കിലും മലയാള ചിത്രവും റിലീസ് ചെയ്യുമെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.രഞ്ജിത് അറിയിച്ചു.

Top