ന്യൂഡല്‍ഹി: നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന് കാട്ടി ബിഎസ്എഫ് ജവാന്‍ ടി ബി യാദവ് വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.ജവാന്മാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പുരാന്‍ ചന്ദ് ആര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് സംഗീത സേഗാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. ജവാന്റെ പരാതിയില്‍ എന്ത് നടപടി എടുത്തുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തോടാണ് വിശദീകരണം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന് പുറമെ ജവാന്മാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബിഎസ്എസ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സഹസ്ത്ര സീമാബെല്‍, അസം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും കോടതി നോട്ടീസയച്ചു.
ജവാന്റെ പരാതിയെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ബിഎസ്എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്ന ടി ബി യാദവ് എന്ന ജവാന്‍ തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണമെന്താണെന്നും അതിന്റെ നിലവാരവും വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
29 ബറ്റാലിയന്റെ ഭാഗമായ ഇദ്ദേഹത്തിന് പ്രഭാതത്തില്‍ ഒരു പൊറോട്ട മാത്രമാണ് ലഭിക്കുന്നതെന്നും കറിയോ അച്ചാറോ കിട്ടാറില്ലെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. ഉച്ചയ്ക്ക് കിട്ടുന്ന റൊട്ടിക്കൊപ്പം ലഭിക്കുന്ന പരിപ്പ് കറിയുടെ ദയനീയ അവസ്ഥയും അദ്ദേഹം വിശദീകരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയും പ്രധാനമന്ത്രിയുടെ ഓഫീസും ഉത്തരവിട്ടിരുന്നു.