രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികള്‍ക്കിടയില്‍ കൂടുതലായി കാണപ്പെടുന്ന ഫംഗസ് ബാധ രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ ഇതുവരെ 36 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററില്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ കണക്കുകളും സദാനന്ദ ഗൗഡ ട്വിറ്ററില്‍ പങ്കുവച്ചു. കോവിഡ് രോഗികള്‍ക്ക് ഭീഷണി ആവുന്ന ബ്ലാക്ക് ഫംഗസ് ബാധ നിസ്സാരമായി അവഗണിച്ചാല്‍ മരണകാരണമായേക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ബ്ലാക്ക് ഫംഗസിനെ എപ്പിഡെമിക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top