ചെന്നൈ: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മത്സരം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസവും ശക്തമായി തുടരുന്നു.
‘തമിഴനെന്നു സൊല്ലെടാ… തലയുയര്‍ത്തി നില്ലെടാ…’ എന്ന യുവാക്കളുടെ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മറീന ബീച്ചില്‍ രണ്ടു രാപകലുകളായി അലയടിക്കുന്നത്.
തമിഴ്‌നാട് സര്‍ക്കാര്‍, വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ വിറച്ചു. നേതാക്കളില്ലാതെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം നടത്തിയ പ്രക്ഷോഭം തമിഴകത്തില്‍ പുതിയ കൂട്ടായ്മകളുടെ തുടക്കവുമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള ആവശ്യം രണ്ടുദിവസത്തെ വിദ്യാര്‍ഥിസമരത്തില്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമാണ്.
പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിലെങ്ങും നടക്കുന്ന ജനകീയ സമരം യുവത്വത്തിന്റെ പോരാട്ടവീര്യമായി കത്തിപ്പടരുന്നതു മറീനയിലാണ്. ഏതാണ്ട് 200 പേരുമായി ചൊവ്വാഴ്ച തുടങ്ങിയ സമരത്തിലേക്ക് ഇന്നലെയായപ്പോഴേക്കും ഒഴുകിയെത്തിയത് അരലക്ഷത്തോളം പേര്‍. കൊട്ടും പാട്ടും ആട്ടവുമായുള്ള പുതുതലമുറ സമരത്തിനു നേതാക്കളില്ല, രാഷ്ട്രീയക്കാരെ അടുപ്പിക്കുന്നില്ല.
മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം നടത്തിയ ചര്‍ച്ചയും ഫലം കണാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ കാണാനായി ഇന്നലെ രാത്രി തന്നെ പനീര്‍സെല്‍വം ഡല്‍ഹിയില്‍ എത്തി.
ജെല്ലിക്കെട്ട് നടത്തുന്നതിന് ആവശ്യമായ നിയമ ഭേദഗതി വേണമെന്ന് കേന്ദ്രത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക, രാജ്യസഭയിലും ലോക്‌സഭയിലുമായുള്ള 59 എം.പി.മാര്‍ എല്ലാവരും ഒത്തുചേര്‍ന്ന് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയേയും കണ്ട് ജെല്ലിക്കെട്ടിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കാന്‍ ആവശ്യപ്പെടുക, ജെല്ലിക്കെട്ട് നിരോധിക്കാന്‍ കാരണക്കാരായ ‘പെറ്റ’യെ നിരോധിക്കാന്‍ ആവശ്യപ്പെടുക എന്നീ മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുെവച്ചത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പിന്‍വാങ്ങുന്ന പ്രശ്‌നമില്ലെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.
ഇതോടെ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെത്തി മറീനയില്‍ ചര്‍ച്ചയ്ക്ക് മുതിര്‍ന്നെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടാക്കിയില്ല.
വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ പൊലീസ് ആറുവട്ടം ചര്‍ച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
രണ്ടുദിവസമായി സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ വെള്ളവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ചലച്ചിത്ര നടന്മാരും സന്നദ്ധ സംഘടനകളുമാണ് ഭക്ഷണവും മറ്റുമായി എത്തിയത്.ചൊവ്വാഴ്ച വെള്ളമോ ഭക്ഷണമോ ലഭിക്കാതിരുന്നിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ മാത്രമാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്.സ്റ്റാലിനോടും വിദ്യാര്‍ഥികള്‍ അമിതമായ അടുപ്പം കാണിച്ചില്ല.രാഷ്ട്രീയ പാര്‍ട്ടികളില്‍ യുവജനത ഒട്ടും വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നത് തെളിയിക്കുന്നതായിരുന്നു മറീന ബീച്ചിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ട വിദ്യാര്‍ഥികളുടെ കൂട്ടായ്മ.
രണ്ടാഴ്ചയായി ജെല്ലിക്കെട്ട് നടക്കാറുള്ള മധുര, ശിവഗംഗ, നാഗപട്ടണം,തിരുവാരൂര്‍ എന്നീ ജില്ലകളില്‍ മാത്രം നടത്തിയിരുന്ന പ്രക്ഷോഭം പെട്ടെന്ന് ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.
നൂറ്റാണ്ടുകളായി നടത്തിവരുന്ന തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായുള്ള കാളയോട്ട മത്സരം നിരോധിച്ചതിന് പിന്നില്‍ തമിഴ് വിരുദ്ധ വികാരമാണെന്ന പ്രചാരണമാണ് വിദ്യാര്‍ഥികളുടെ വന്‍ കൂട്ടായ്മയ്ക്ക് കാരണമായത്.പ്രക്ഷോഭം ചെന്നൈ ആസ്ഥാനമാക്കി മാറ്റിയാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധനേടാന്‍ കഴിയുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ചെന്നൈയിലേക്ക് സമരം മാറ്റിയതോടെ സമരത്തിന്റെ രൂപവും ഭാവവും മാറുകയും ചെയ്തു. മുഖ്യമന്ത്രിതന്നെ സമരത്തില്‍ ഇടപെടുകയും ചെയ്തു.
ജെല്ലിക്കെട്ടിന് എര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നടികര്‍സംഘം വെളളിയാഴ്ച നിരാഹാരസമരം നടത്തും. വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് ആറ് വരെ നടികര്‍സംഘത്തിന്റെ ഓഫീസിന് മുന്നിലാണ് സമരം നടത്തുക.