isi killed two indians over failed train derailment plan

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവണ്ടി അട്ടിമറി നടത്താനുള്ള പദ്ധതിയില്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് ഇന്ത്യക്കാരെ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

അരുണ്‍, ദീപക് റാം എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടുചെയ്തു.

ബീഹാറിലെ ഗോരസഹനില്‍ റെയില്‍ പാളത്തില്‍ ഒക്ടോബര്‍ ഒന്നിന് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു.എന്നാല്‍ അരുണും ദീപകും അവസാന നിമിഷം പദ്ധതിയില്‍ നിന്നു പിന്‍മാറിയിരുന്നു. ഇവര്‍ റെയില്‍ പാളത്തില്‍ വെച്ച സ്‌ഫോടകവസ്തുക്കള്‍ പൊലീസ് കണ്ടെത്തിട്ടുണ്ട്. ഇതാണ് ഇവരുടെ കൊലയിലേക്ക് നയിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ഐഎസ്‌ഐയ്ക്കു വേണ്ടി ഷംസുല്‍ ഹോഡ എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്രാജ്കിഷോര്‍ ഗിരി എന്ന വാടക ഗുണ്ടയാണ് ഇവരെ കൊലപ്പെടുത്തിയത്. നേപ്പാളില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ശബ്ദരേഖ ബ്രാജ്കിഷോര്‍ ഹോഡയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.

150 പേരുടെ മരണത്തിന് ഇടയാക്കിയ ഇന്‍ഡോര്‍-പാറ്റ്‌ന എസ്പ്രസ് അട്ടിമറിയ്ക്കു പിന്നിലും ഐഎസ്‌ഐ ആണെന്ന് അടുത്തിടെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. അരുണിന്റെയും ദീപക്കിന്റെയും കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ തീവണ്ടി അട്ടിമറിയില്‍ ഐഎസ്‌ഐയ്ക്ക് ബന്ധമുള്ളതായുള്ള സൂചന നല്‍കിയത്.

ട്രയിന്‍ അട്ടിമറിയിലൂടെ ഇന്ത്യയില്‍ വന്‍തോതില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഐഎസ്‌ഐ പദ്ധതി തയ്യാറാക്കിയതായും രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Top