അമൃത്സര്‍: പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യത്തിനും കോണ്‍ഗ്രസിനും ഭീഷണിയായി ആംആദ്മി.
എഎപിക്കു വേണ്ടി പ്രചാരണം നടത്താന്‍ പ്രവാസികള്‍ ഇന്ത്യയിലെത്തുന്നു.
ബുധനാഴ്ച രാവിലെ കാനഡയില്‍ നിന്നുമുളള 150ഓളം പ്രവാസികളാണ് അമൃത്സറില്‍ വിമാനമിറങ്ങിയത്. ഇവരെ സ്വീകരിക്കാന്‍ എഎപിയുടെ മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു.
സംസ്ഥാനത്തു മാറ്റം വരണമെന്നു പഞ്ചാബികള്‍ വളരെ ശക്തമായി ആഗ്രഹിക്കുന്നതിന്റെ തെളിവാണിത്. അവധിയെടുത്ത് സ്വന്തം ചെലവിലാണ് ഇവര്‍ നാട്ടിലെത്തുന്നത്. കോണ്‍ഗ്രസിന്റെയോ അകാലിദളിന്റെയോ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് ഇവര്‍ ആഗ്രഹിക്കുന്നെന്ന് ഇതിലൂടെ വ്യക്തമാണെന്നും എഎപി പറയുന്നു.
അതേസമയം, ഇങ്ങനെയെത്തുന്നവരെ തിരിച്ചയയ്ക്കണമെന്ന നിലപാടിലാണ് അകാലിദള്‍- ബിജെപി സഖ്യവും കോണ്‍ഗ്രസും. തിരിച്ചെത്തുന്നവര്‍ വിഘടന സ്വരം ഉയര്‍ത്തുന്നവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നുമാണ് അകാലിദളും കോണ്‍ഗ്രസും പറയുന്നത്. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും എഎപിക്കായി പ്രചാരണം നടത്തുന്നതില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുമെന്നു കരുതുന്നില്ലെന്നും പ്രവാസികള്‍ പറഞ്ഞു. പരാതി പരിഗണിക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ 250 പ്രവാസികളെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചിരുന്നു.