മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രസിദ്ധമായ വരികളാണ് കാട്രു വെളിയിടെയ് കണ്ണമ്മ. ഈ മനോഹരമായപ്രണയഗാനത്തിന്റെ വരികള്‍ തന്നെയാണ് തന്റെ ഇരുപത്തിയഞ്ചാം ചിത്രത്തിന് മണിരത്‌നം തിരഞ്ഞെടുത്ത പേരും.കാര്‍ത്തിയും അതിഥി റാവുവുംകേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കര്‍ട്ടണ്‍ റെയ്‌സര്‍ സോണി മ്യൂസിക് യൂട്യൂബില്‍ പുറത്തിറക്കി.
കാട്രു വെളിയിടെയ് കണ്ണമ്മാ എന്ന കാര്‍ത്തിയുടെ സ്വരത്തില്‍ തുടങ്ങുന്ന വീഡിയോ ടീസറിന് 47 സെക്കന്‍ഡ് മാത്രമാണ് ദൈര്‍ഘ്യം. മഞ്ഞുപുതച്ച ഒരു മലനിരയിലെ പാതയിലൂടെ വരുന്ന നായിക ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് മഞ്ഞിന്റെ ഈറന്‍സുഖം നുകരുന്നതാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഊട്ടി, കൂനൂര്‍, കൊടൈക്കനാല്‍, ഹിമാചല്‍പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വരുവാന്‍ വരുവാന്‍ എന്ന റഹ്മാന്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് നായിക അതിഥിയെ അവതരിപ്പിക്കുന്നത്. മഞ്ഞ് ഏറെ തഴുകാതെ ഹിമാലയത്തിന്റെ മറ്റേതോ ഭാഗത്തൂടെ നടന്നുനീങ്ങുന്ന നായകനുമുണ്ട് ടീസറില്‍.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വൈരമുത്തുവാണ് ഗാനങ്ങള്‍ രചിച്ചത്.