ന്യൂയോര്‍ക്ക്: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളെ തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായി.
ലോകത്തെ ഏറ്റവും അശരണായവരെ കൈയ്യൊഴിയരുതെന്ന് ട്രംപിനോട് മലാല അഭ്യര്‍ത്ഥിച്ചു.
അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും മികച്ച രീതിയില്‍ സ്വീകരിച്ചിരുത്തിയ അഭിമാനകരമായ ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. നിങ്ങളുടെ രാജ്യം പടുത്തുയര്‍ത്തുന്നതിന് സഹായിക്കാന്‍ അവര്‍ തയ്യാറാണ്. എത്ര കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും ജീവിക്കാനുള്ള ഒരവസരത്തിനായാണ് അവര്‍ എത്തുന്നതെന്നും സമാധാന നൊബേല്‍ ജേതാവായ മലാല പറഞ്ഞു.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.
ഉത്തരവ് പ്രകാരം ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്ക് യു.എസ് സ്വീകരിക്കില്ല. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ, കുടിയേറ്റേതര വിസാ അപേക്ഷകളിന്മേലുള്ള എല്ലാ ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തിവെക്കാനുമാണ് ഉത്തരവില്‍ പറയുന്നത്.