ലക്‌നൗ: രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് ജനത മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
യുപിയില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നടത്തുന്ന സംയുക്ത റാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം രാഷ്ട്രീയമായ ഒരു സഖ്യമല്ല എസ്പി-കോണ്‍ഗ്രസ്സ് സഖ്യമെന്നും അഖിലേഷുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുദ്രാവാക്യം. ഈ സഖ്യം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അവരുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. ‘സൈക്കിള്‍ കൈക്കൊപ്പം നല്‍ക്കു’മെന്നും ഇരുപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നത്തെ സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.
രാഹുലിനും എനിക്കും പരസ്പരം അറിയുന്നതാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അഖിലേഷ് പ്രതികരിച്ചു.
ഇരുപാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെട്ടതിന് ശേഷം നേതാക്കള്‍ നടത്തുന്ന ആദ്യ വാര്‍ത്താസമ്മേളനമാണിത്. സഖ്യത്തെക്കുറിച്ച് സാധാരണ പ്രവര്‍ത്തകരിലേക്ക് സന്ദേശമെത്തിക്കാനാണ് ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നാണ് പാര്‍ട്ടികളുടെ വിശദീകരണം. യുപിയില്‍ സമാജ് വാദി പാര്‍ട്ടി 298 സീറ്റുകളിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മല്‍സരിക്കുന്നത്.