വാരണാസിയില്‍ ഗാന്ധിയന്‍ സംഘടനയുടെ 12 കെട്ടിടങ്ങള്‍ പൊളിച്ചു; നടപടി കോടതി വിധിയുടെ അടിസ്ഥാനത്തില്‍

ലക്‌നൗ: വാരണാസിയില്‍ ഗാന്ധിയന്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനായ സര്‍വ സേവാ സംഘിന്റെ 12 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അധികൃതര്‍. സ്ഥലം റെയില്‍വേയുടേതാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വാരണാസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ലൈബ്രറി, ഗസ്റ്റ് ഹൗസ്, ഖാദി സ്റ്റോര്‍, സാമൂഹികമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രീസ്‌കൂള്‍, മീറ്റിംഗ് ഹാള്‍, പ്രകൃതിചികിത്സാ കേന്ദ്രം, യുവജന പരിശീലന കേന്ദ്രം എന്നിവയാണ് 12.8 ഏക്കര്‍സ്ഥലത്തെ ഭൂമിയിലുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് നടത്തിയ തന്ത്രമാണ് കെട്ടിടങ്ങള്‍ പൊളിച്ചതിന് പിന്നിലെന്ന് കോടതി വിധിക്ക് പിന്നാലെ സര്‍വ സേവാ സംഘ് തലവന്‍ രാം ധീരാജ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് രാംധീരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭൂമിയിടപാട് തെറ്റാണെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത് വ്യാജരേഖകള്‍ നിര്‍മിച്ചാണെന്നും സര്‍വ സേവാ സംഘ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. രണ്ട് കോടതികളിലും കേസ് തോറ്റെങ്കിലും പിന്തിരിയില്ലെന്നും ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

ആറ് ബുള്‍ഡോസറുകളുമായി എത്തിയ അഞ്ഞൂറോളം പൊലീസുകാരാണ് കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. സംഘടനാ പ്രതിനിധികള്‍ പ്രതിഷേധിച്ചതോടെ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിനെതിരായ ഗൂഢാലോചനയാണ് നടന്നതെന്ന് സര്‍വ സേവാ സംഘം വിമര്‍ശിച്ചു. എംപിയുടെയും പ്രധാനമന്ത്രിയുടെയും അനുവാദമില്ലാതെ ഇത് സംഭവിക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Top