ന്യൂഡല്‍ഹി: ജൂണ്‍മാസം ഏകദേശം 12 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ആഭ്യന്തര വിതരണത്തിന് ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. മേയ് മാസം 7,94,05,200 ഡോസ് കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് ലഭ്യമായിരുന്നത്.
ഇതുവരെ 212 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമാണ് ഇന്ത്യ. എന്നിരുന്നാലും മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്‍ക്കു മാത്രമേ രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുള്ളൂ.
ഉപയോഗരീതി, ജനസംഖ്യ, വാക്‌സിന്‍ പാഴാക്കല്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് ഞായറാഴ്ച പ്രസ്താവനയിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ജൂണ്‍ മാസത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 45- വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാന്‍ 6.09 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കും.
സൗജന്യമായാണ് ഇത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു. ഇത് കൂടാതെ 5.86 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാങ്ങാനാകുമെന്നും മന്ത്രാലയം അറിയിക്കുന്നു.