പൂനെയില്‍ കനത്ത മഴ: 12 മരണം, 28,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

മുംബൈ: പൂനെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മതില്‍ ഇടിച്ചിലിലും 12 മരണം. മുംബൈ- ബംഗളൂരു ദേശീയ പാതയിലെ ഖേദ്- ശിവപൂര്‍ ഗ്രാമത്തിലെ ആരാധനാലയത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേര്‍ ഒഴുകി പോയതായി പൊലീസ് സൂപ്രണ്ട് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പുരന്തര്‍ പ്രദേശത്ത് രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് 28,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

സഹകാര്‍ നഗര്‍ മേഖലയിലെ വെള്ളക്കെട്ടില്‍നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. സിംഹ്ഗഢ് റോഡിനു സമീപം ഒഴുകിപ്പോയ കാറില്‍നിന്ന് വേറൊരു മൃതദേഹവും കണ്ടെടുത്തു.അര്‍നേശ്വര്‍ മേഖലയില്‍ മതിലിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഒമ്പതുവയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചുവെന്ന് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ പ്രശാന്ത് രാന്‍പിസെ പറഞ്ഞു.

ബാരാമതിയിലെ താഴന്ന പ്രദേശത്തുനിന്ന് പതിനായിരം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കൂടാതെ പുണെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറുപേരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ഏര്‍പ്പാടാക്കിയതായും ദേശീയ ദുരന്തനിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുനെ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധിയാണ്. പുനെയിലും ബാരാമതിയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളെ വീതം നിയോഗിച്ചിട്ടുമുണ്ട്.

Top