മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധത്തില്‍ ഹര്‍ഷീന അടക്കം 12പേര്‍ അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധത്തില്‍ ഹര്‍ഷീന അടക്കം 12പേര്‍ അറസ്റ്റില്‍. ഹര്‍ഷീന, ഭര്‍ത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ തല മെഡിക്കല്‍ ബോര്‍ഡ് തള്ളിയതായി സൂചനയുണ്ട്.

2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറിഫോര്‍സെപ്‌സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2017 ജനുവരി 27ന് തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം.

അന്നത്തെ സ്‌കാനിങ് പരിശോധനയില്‍ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വര്‍ഷത്തിനുശേഷം ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡിലെ ഭൂരിഭാഗം ഡോക്ടര്‍മാരും സ്വീകരിച്ചത്.

Top