സിഡ്‌നി: സിറിയയില്‍ നിന്നുള്ള 12,000 അഭയാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയ അഭയം നല്‍കുമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട്. കൂടാതെ ഇറാഖിലും സിറിയയിലും ഭീകരര്‍ക്കെതിരെയുള്ള വ്യോമാക്രമണം ശക്തിപ്പെടുത്തും. അന്താരാഷ്ട്രതലത്തില്‍ ഭീകരതയ്‌ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തുടരുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ഭീകരരെ അടിച്ചമര്‍ത്തി ലോകസമാധാനം പുനഃസ്ഥാപിക്കാന്‍ ഓസ്‌ട്രേലിയയും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ ശരാശരി അഞ്ചുലക്ഷം എന്നതോതില്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. എട്ടുലക്ഷം അഭയാര്‍ഥികള്‍ ഈ വര്‍ഷം ജര്‍മനിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷത്തേതിന്റെ നാലിരട്ടിയാണിത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് ഗബ്രിയേല്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച മാത്രം 7,000 സിറിയന്‍ അഭയാര്‍ഥികള്‍ മാസിഡോണിയയിലും 30,000 പേര്‍ ഗ്രീക്ക് ദ്വീപുകളിലും എത്തിയതായി യു.എന്‍. അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ 20,000 പേര്‍ എത്തിയതുകാരണം വന്‍ പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ പോലീസും അഭയാര്‍ഥികളും ഏറ്റുമുട്ടി.