തിരുവനന്തപുരം: സംസ്ഥാനത്തിന് നീതി നല്‍കാത്ത കേന്ദ്രബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ല. ബജറ്റില്‍ ഉള്‍പ്പെടുത്താനായി പ്രീബജറ്റ് ചര്‍ച്ചാഘട്ടത്തില്‍ കേരളം മുമ്പാട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണനയുണ്ടായിട്ടുമില്ലെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാന സഹകരണമേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കാനും സഹകരണബാങ്കുകള്‍ക്ക് ഇതര വാണിജ്യ ബാങ്കുകള്‍ക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനല്‍കാനും വേണ്ട നിര്‍ദേശങ്ങള്‍ ബജറ്റില്‍ പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലുറപ്പു പദ്ധതികള്‍ ഫലപ്രദമാക്കാന്‍ തക്കവിധമുള്ള വര്‍ധന ബജറ്റില്‍ ഇല്ലെന്നും മാറ്റിവച്ച തുക അപര്യാപ്തമാണെന്നും മുഖ്യമന്ത്രി ചണ്ടിക്കാട്ടി.
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കാര്യമായ വിഹിതവര്‍ധന കേന്ദ്രത്തില്‍ നിന്നുണ്ടാകണം. കൊച്ചിന്‍ റിഫൈനറി അടക്കമുള്ളവയ്ക്ക് ആവശ്യമായ തോതിലുള്ള വര്‍ധനയില്ല എന്നതു നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനു തരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എന്ന ആ സ്ഥാപനം ഈ ബജറ്റിലും കേരളത്തിനനുവദിച്ചില്ലെന്നും ഗുജറാത്തിനെയും ജാര്‍ഖണ്ഡിനെയും ഇക്കാര്യത്തില്‍ പരിഗണിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കിയത് ഖേദകരമാണെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ കാഷ് ലെസ്സ് ആക്കി മാറ്റുക എന്ന സമീപനം രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിതമാര്‍ഗത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവര്‍ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്നവരായി മാറിയതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമീപനം ഗ്രാമീണ സമ്പദ്‌മേഖലയെയും കൃഷിയെയും കൂടുതല്‍ പിന്നോട്ടടിക്കുന്നതാവുമെന്നും അദ്ദേഹം പറഞ്ഞു.