മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ.
ഫട്‌നാവിസിനെ പെരുംനുണയനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്, അദ്ദേഹം മുഖ്യമന്ത്രിയായത് സംസ്ഥാനത്തിന്റെ നിര്‍ഭാഗ്യമാണെന്നും ഉദ്ദവ് വ്യക്തമാക്കി.
ബിഎംസി(ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍) തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പ്രചാരണത്തിനിടെയാണ് ഉദ്ദവ് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.
പെരുംനുണകള്‍ മാത്രം പറയുന്ന ഒരാളെ മുഖ്യമന്ത്രിയായി ലഭിച്ചത് മാഹാരാഷ്ട്രയുടെ നിര്‍ഭാഗ്യമാണ്. ബിഎംസിയില്‍ സുതാര്യതയില്ലെന്ന് ഫട്‌നാവിസ് ആരോപിക്കുമ്പോള്‍, അദ്ദേഹം പ്രതിനിധീകരിക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ബിഎംസിയെ സുതാര്യതയുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനമാണ് ബിഎംസിക്കു നല്‍കുന്നത് ഉദ്ദവ് താക്കറെ പറഞ്ഞു.
കോമാളികളെ ഉപയോഗിച്ച് ഫഡ്‌നാവിസ് ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പിനെ മാറ്റിവച്ച് ഇത്തരം കോമാളികളെ നേരിടുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഉദ്ദവ് വ്യക്തമാക്കി.
അടുത്തിടെ ശിവസേന ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ചിരുന്നു. ബിജെപി നേതൃത്വം കാണിക്കുന്ന അവഗണനകള്‍ ചൂണ്ടിക്കാട്ടിയാണ് വേര്‍പിരിയല്‍. ഇതിനുപിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി ഉദ്ദവ് രംഗത്തെത്തുന്നത്.